സംഘപരിവാര്‍ അജണ്ട നടപ്പാക്കേണ്ടവരോ പോലീസുകാര്‍?

എന്താണ് തീവ്രവാദം? ആരാണ് തീവ്രവാദി? ബഹുമാനപ്പെട്ട ഡി.വൈ.എസ്.പി താങ്കളത് പറഞ്ഞേ പറ്റൂ. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി അവരെ തീവ്രവാദികള്‍ എന്ന് വിളിച്ച താങ്കളെ ഞങ്ങള്‍ എന്താണ് വിളിക്കേണ്ടത്?

നാടകമത്സരത്തിനായി സ്റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയ മലപ്പുറത്തെ ചെറുകുളമ്പ എ.കെ. ടി. എച്ച്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ അവര്‍ വേദിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ഈ കാഴ്ചകള്‍ ഏത് കലോത്സവങ്ങളിലും കാണാവുന്ന ഒന്നാണ്. എന്നാല്‍ ഇവരെ നീക്കം ചെയ്യാനെത്തിയ പോലീസാണ് ഈ വിദ്യാര്‍ത്ഥികളെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചത്.



'മലപ്പുറത്തുകാരുടെ തീവ്രവാദിത്തരം' എന്ന പ്രയോഗം നീതിനിര്‍വ്വഹണത്തിനും നിയമപാലനത്തിനും അധികാരപ്പെട്ട ഒരു വ്യക്തി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിക്കുമ്പോള്‍ കേരളജനത ആ വംശീയാധിക്ഷേപത്തെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്. മലപ്പുറം ഒരു ഭീകരജില്ലയാണെന്നും, അവിടെയുള്ളവര്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്നുമാണോ ഈ ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുവയ്ക്കുന്നത്. ഇതുവഴി സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണ് പോലീസ്.

കേവലമൊരു പരിഹാസമായി കാണാനാവുന്ന ഒരു വിഷയമല്ല ഇത്. മത/വര്‍ഗ്ഗീയതയുമായി ചുരുക്കിക്കാണേണ്ട വിഷയവുമല്ല ഇത്. പ്രാദേശികമായ ഇത്തരം അധിക്ഷേപങ്ങള്‍ വിള്ളലുണ്ടാക്കുന്നത് കേരളത്തിലെ മതേതരത്വത്തിനാണെന്നത് നാം ഓര്‍ത്തേ തീരൂ.

ഭരണകൂടങ്ങളുടെ ഇത്തരം നിരുത്തരവാദപരമായ ഇടപെടലുകളാണ് ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഒന്നുമറിയാത്ത പാവം കുരുന്നുകളെ പോലും വംശീയമായും, പ്രാദേശികമായും അധിക്ഷേപിക്കാന്‍ തുനിഞ്ഞ ഈ ഡി.വൈ.എസ്.പിക്കെതിരെ നടപടി ഉണ്ടായേ മതിയാവൂ. അല്ലാത്ത പക്ഷം, ഇനിയും ഇത്തരം നിലപാടുകള്‍ ഇക്കൂട്ടര്‍ ആവര്‍ത്തിക്കുകയും അതില്‍ ആത്മസംതൃപ്തിയടയുകയും ചെയ്യും.

പാലക്കാടിന്റെ മുക്കിലും മൂലയിലും മാധ്യമപ്രവര്‍ത്തകരാണ്. പക്ഷേ, ഒരു മാധ്യമവും ഈ വിഷയത്തെ ഒരു വാര്‍ത്തയാക്കിയെടുത്തില്ല. ദൃശ്യമാധ്യമങ്ങള്‍ പോലും ഈ വാര്‍ത്തയ്ക്ക് വേണ്ട വിധത്തില്‍ പ്രാധാന്യം നല്‍കിയില്ല. അതെന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ വംശീയാധിക്ഷേപത്തിന് ഇരയായ കുഞ്ഞുങ്ങളോട് ഞങ്ങള്‍ ഐക്യപ്പെടുന്നു.

ഇനിയും നാം മിണ്ടാതിരുന്നുകൂടാ. ചിന്തയിലും, വാക്കുകളിലും മതവൈരത്തിന്റെ കനലുകളൊളിപ്പിച്ച് വേട്ടനായ്ക്കള്‍ ഇനിയും കടന്നുവരും. അധികാരവെറിയുടെ ഗര്‍വ്വുമായി വേട്ടയ്ക്കിറങ്ങുന്ന അവരോടുള്ള പോരാട്ടം നാം തുടരുക തന്നെ വേണം. എല്ലാ ജനാധിപത്യവിശ്വാസികളും അതിനായി തോളോട് തോള്‍ ചേരുക.